09:15pm 30 April 2026
NEWS
അടിച്ച് പണിക്കുറ്റം തീർക്കും; ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് ബിജെപി നേതാവ്
11/04/2026  04:01 PM IST
nila
അടിച്ച് പണിക്കുറ്റം തീർക്കും; ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് ബിജെപി നേതാവ്

ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി വനിതാ നേതാവ്. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് ശോഭ സുരേന്ദ്രനെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി രം​ഗത്തെത്തിയത്. ശോഭ സുരേന്ദ്രൻ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു പൊലീസിൽ പരാതി നൽകുകയും ചെയ്തു. ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ഫോൺ റെക്കോർഡും ബിന്ദു പുറത്തുവിട്ടു. 

പാലക്കാട് വോട്ടർമാർക്ക് വിതരണം ചെയ്ത സ്ത്രീക്ക് പിന്നിൽ ബിന്ദു ആണെന്നും ശോഭ ആരോപിക്കുന്നു. അടിച്ച് പണിക്കുറ്റം തീർക്കുമെന്നാണ് ശോഭ സുരേന്ദ്രന്റെ ഭീഷണി. എന്നാൽ, പണം കൊടുത്തയച്ചത് താനാണെന്ന ശോഭയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രൻ തന്നെ ഫോണിലൂടെ അസഭ്യം പറയുകയും പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബിന്ദു ആരോപിച്ചു. 

പാലക്കാട് പണവുമായി എത്തിയെന്ന് പറയുന്ന സിന്ധു എന്ന പെൺകുട്ടി ഒരു സാധാരണ വീട്ടമ്മയല്ലെന്ന് ബിന്ദു ചൂണ്ടിക്കാട്ടുന്നു. ഇവരാണ് പാലക്കാട്ട് പ്രചാരണത്തിനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞത്. ഇവർ ശബരിമല സമരകാലം മുതൽ ശോഭാ സുരേന്ദ്രന്റെ സന്തതസഹചാരിയും പിഎ ആയി കൂടെയുള്ള ആളുമാണെന്നും ബിന്ദു വെളിപ്പെടുത്തി. പാലക്കാട്ടെ പണമിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് കലാശക്കൊട്ട് സമയത്ത് താൻ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനൊപ്പമായിരുന്നുവെന്നും ബിന്ദു വ്യക്തമാക്കി.

പാർട്ടിയിൽ തനിക്കെതിരെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ശോഭാ സുരേന്ദ്രൻ ശ്രമിക്കുന്നതെന്ന് ബിന്ദു ആരോപിക്കുന്നു. ആലപ്പുഴ ജില്ലയിൽ ശോഭ സ്വന്തം പക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായി പാർട്ടിയുടെ നെടുംതൂണുകളായ വനിതാ പ്രവർത്തകരെയും യുവമോർച്ചാ നേതാക്കളെയും തഴയുകയാണെന്നും അവർ പറഞ്ഞു.

ജില്ലാ പ്രസിഡന്റിനെ അറിയിക്കാതെ ശോഭാ സുരേന്ദ്രൻ ജില്ലയിൽ പണപ്പിരിവ് നടത്തുന്നതിനെതിരെ നേരത്തെതന്നെ പരാതികൾ ഉയർന്നിരുന്നു. ശോഭയുടെ ഈ നിലപാടുകൾക്കെതിരെ താൻ രാജീവ് ചന്ദ്രശേഖറിനും കേന്ദ്ര നേതാവ് നിതിൻ ഗഡ്കരിക്കും പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുച്ഛമായ വരുമാനം കാണിച്ചിരുന്ന ശോഭയ്ക്ക് ഇപ്പോൾ രണ്ട് കോടിക്കടുത്ത് ആസ്തി എങ്ങനെ വന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്ന് അവർ പറഞ്ഞു. പാർട്ടിക്കുള്ളിലെ അച്ചടക്കം പാലിച്ച് ക്ഷമയോടെ ഇരിക്കുകയായിരുന്നുവെന്നും എന്നാൽ, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ബിന്ദു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയമായതിനാൽ മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരമാണ് ശോഭയ്ക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് താൻ പിൻവലിച്ചതെന്നും ബിന്ദു വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.